ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് എൽപിജി വിതരണത്തിൽ തടസങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ, ഗാർഹിക എൽപിജി സിലിണ്ടർ ബുക്കിംഗിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒരു സിലിണ്ടർ ലഭിച്ചാൽ അടുത്തത് ബുക്ക് ചെയ്യാൻ ഇനി കുറഞ്ഞത് 25 ദിവസം കാത്തിരിക്കണം. നേരത്തെ ഇത് 15 മുതൽ 21 ദിവസം വരെയായിരുന്നു.
ഒരു സിലിണ്ടർ ഡെലിവറി ചെയ്തതിന് ശേഷം 25 ദിവസത്തിന് ശേഷം മാത്രമേ ഓൺലൈനായോ അല്ലാതെയോ അടുത്ത ബുക്കിംഗ് നടത്താൻ സാധിക്കൂ. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ തങ്ങളുടെ സോഫ്റ്റ്വെയറിൽ ഇതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. ഒരു സാമ്പത്തിക വർഷം ഒരു ഉപഭോക്താവിന് പരമാവധി 15 സിലിണ്ടറുകൾ മാത്രമേ ലഭിക്കൂ. അതിൽ കൂടുതൽ വേണമെങ്കിൽ പ്രത്യേക അനുമതി തേടേണ്ടി വരും.
പശ്ചിമേഷ്യയിലെ സംഘർഷം കാരണം ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പലുകളുടെ യാത്ര തടസപ്പെട്ടത് ഇന്ത്യയുടെ എൽപിജി ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ എൽപിജി ആവശ്യത്തിന്റെ 60 ശതമാനവും ഇറക്കുമതിയാണ്. ഉപഭോക്താക്കൾ പരിഭ്രാന്തരായി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നത് തടയാനും കൃത്രിമ ക്ഷാമം ഒഴിവാക്കാനുമാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.